'കറുവപ്പട്ടയെന്ന പേരില്‍ വിഷമയമായ കാസിയ വില്‍ക്കുന്നു'; ഹര്‍ജി തള്ളി സുപ്രീംകോടതി
ന്യൂഡല്‍ഹി: കേരളത്തില്‍ കറുവപ്പട്ടയെന്ന പേരില്‍ വിഷമയമുള്ള കാസിയ വില്‍ക്കുന്നതിനെക്കുറിച്ചുള്ള ഹര്‍ജി പരിഗണിക്കാതെ സുപ്രീംകോടതി. വിഷയം സുഗന്ധവ്യഞ്ജനങ്ങളുടെ മലിനീകരണവുമായി ബന്ധപ്പെട്ടതാണെന്ന് ജസ്റ്റിസുമാരായ വിക്രം നാഥും സന്ദീപ് മേത്തയും അടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. കേരള ഹൈക്കോടതിയുടെ 2024 ലെ ഉത്തരവിനെ ചോദ്യം ചെയ്ത ഹര്‍ജിയാണ് ബെഞ്ചിന് മുമ്പാകെ എത്തിയത്. വിഷമുള്ളതും കാന്‍സറിന് കാരണമാകുമെന്ന് പറയപ്പെടുന്ന കാസിയ കറുവപ്പട്ടയെന്ന പേരില്‍ വില്‍ക്കുന്നുവെന്നാണ് ഹര്‍ജിക്കാരന്‍ ആരോപിച്ചത്. എന്നാല്‍ ഹൈക്കോടതി ഈ വിഷയത്തില്‍ അധികാരികള്‍ക്ക് ആവശ്യമായ നിര്‍ദേശങ്ങള്‍ ഇതിനകം നല്‍കിയിട്ടുണ്ടെന്ന് ബെഞ്ച് പറഞ്ഞു. സയനൈഡ്, കൊമറിന്‍ തുടങ്ങിയ മാരകമായ ഘടകങ്ങള്‍ അടങ്ങിയിരിക്കുന്നതിനാല്‍ കാസിയ ഉപയോഗിക്കുന്നത് ആരോഗ്യത്തിന് അപകടകരമാണെന്നും അതിനാല്‍ വില്‍പ്പനയും ഇറക്കുമതിയും നിരോധിക്കാനും ആവശ്യപ്പെട്ടാണ് ഹര്‍ജിക്കാരന്‍ നേരത്തെ ഹൈക്കോടതിയെ സമീപിച്ചത്. വിഷയത്തില്‍ ഹര്‍ജിക്കാരന്‍ സമര്‍പ്പിച്ച നിര്‍ദേശങ്ങള്‍ പരിഗണിച്ച് ഉചിതമായ ഉത്തരവ് പുറപ്പെടുവിക്കാന്‍ ബന്ധപ്പെട്ട അതോറിറ്റിയോട് ഹൈക്കോടതി നിര്‍ദേശിക്കുകയും ചെയ്തു. ഇതിനെതിരെയാണ് ഹര്‍ജിക്കാരന്‍ വീണ്ടും സുപ്രീംകോടതിയെ സമീപിച്ചത്. അതേസമയം, ഇത്തരം ദുരുപയോഗം പരിശോധിക്കുന്നതിനായി മാര്‍ക്കറ്റ് സര്‍വൈലന്‍സ് ഡ്രൈവ് നടത്താന്‍ അതോറിറ്റി സംസ്ഥാന,കേന്ദ്ര ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ക്കും സുരക്ഷാ സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യയ്ക്കും ഇതിനകം നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ഭക്ഷ്യ സുരക്ഷാ കമ്മീഷണറുടെ അഭിഭാഷകന്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കിയിരുന്നു.